തിരുവനന്തപുരം: തിരുവനന്തപുരം ജി വി രാജ സ്പോട്സ് സ്കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും ആധുനിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം കായികമന്ത്രി വി അബ്ദുറഹിമാന് സെപ്തംബര്‍ 15 ന് 11.30 ന് നിര്‍വഹിക്കും. 2017 ല്‍ കായിക വകുപ്പ് ഏറ്റെടുത്ത ജി വി രാജ സ്പോട്സ് സ്കൂള്‍ നവീകരണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഒന്നാംഘട്ട നവീകരണ പ്രവൃത്തികളുടെ പുര്‍ത്തീകരണം നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ 8 സ്ട്രെയിറ്റ് ലൈനുമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ലോംഗ് ജംപ് പിറ്റുമാണ് ഒരുക്കിയത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാനും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ഇന്‍ട്രാക്ടീവ് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളും ഒരുക്കി. ഹോസ്റ്റലുകളിലേക്ക് ആവശ്യമായ കട്ടില്, അലമാര, സ്റ്റഡി ടേബിള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി റബ്കോ വഴി പൂര്‍ത്തീകരിച്ചു. കയര്‍ഫെഡ് മുഖേന കിടക്കകള്‍ സജ്ജീകരിച്ചു.
ഒന്നാം ഘട്ടത്തില്‍ ഫുട്ബോള്‍ ടര്‍ഫ്, ഹോക്കി ടര്ഫ്്, ഇന്‍ഡോര്‍ സ്റ്റേഡിയം, 2 ബോക്സിങ്ങ് റിംഗ്, സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍, ജൂഡോ മാറ്റുകള്‍ എന്നിവ ഒരുക്കിയിരുന്നു. കിച്ചന് മോഡുലാര്‍ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. ഒന്നാംഘട്ട പ്രവൃത്തികളുടെ പൂര്‍ത്തീകരണം 2021 ഫെബ്രുവരി 4 നാണ് ഉദ്ഘാടനം ചെയ്തത്. ആറു മാസത്തിനകം രണ്ടാംഘട്ടവും പൂര്‍ത്തിയാക്കി.
സെപ്തംബര്‍ 16 ന് 3.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന 3 ഫുട്ബോള്‍ അക്കാദമികളില്‍ ഒന്ന് ജി വി രാജ സ്കൂളിലാണ് പ്രവര്‍ത്തിക്കുക. ജി വി രാജക്കൊപ്പം കായികവകുപ്പ് ഏറ്റെടുത്ത കണ്ണൂര്‍ സ്പോട്സ് ഡിവിഷനില്‍ 6 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയിട്ടുണ്ട്.
നല്ല അടിസ്ഥാനസൗകര്യങ്ങള്‍ വന്നതോടെ സ്കൂളിനെ ഖേലോ ഇന്ത്യ എക്സലന്‍സ് സെന്ററായി തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. കൊവിഡ് സാഹചര്യത്തില്‍, കായികക്ഷമത നിലനിര്‍ത്താനും മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും സ്കൂളിലെ കുട്ടികള്‍ക്ക് കായികപോഷണ കിറ്റ് വീട്ടില്‍ എത്തിച്ചു നല്കി വരുന്നു. വിദഗ്ധപരിശീലകരുടെ പാനല്‍ തയ്യാറാക്കി ഓണ്‍ലൈന്‍ കായികപരിശീലനവും നടത്തുന്നുണ്ട്. 2022 ആകുമ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച സ്പോട്സ് സ്കൂളായി ജി വി രാജയെ മാറ്റുകയാണ് ലക്ഷ്യം.