ഗുരുവായൂർ: ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് ‘ഥാർ’ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാൽ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാർ’ സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ ഡിസംബർ 4ന് ആയിരുന്നു കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് ദേവസ്വത്തിന് കെെമാറിയത്. 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്മെന്റ് ആര് വേലുസ്വാമി ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു.
തുടർന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ദീപസ്തംപത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വിൽക്കാനായിരുന്നു തീരുമാനം.15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു.