തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍, ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിനു തന്നെ നല്‍കും. ഇന്നു ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് ലേലം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.
15,10,000 രൂപയും ജിഎസ്ടിയും ചേര്‍ത്താണ് ലേലം ഉറപ്പിച്ചത്. ലേലം ഉറപ്പിച്ചതിനു പിന്നാലെ അന്തിമ തീരൂമാനം ദേവസ്വം ഭരണസമിതിയുടേത് ആയിരിക്കുമെന്ന, ദേവസ്വം ചെയര്മാന് കെബി മോഹന്‍ദാസിന്റെ വാക്കുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് വാഹനം ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ നേരിട്ട് പങ്കെടുത്തത്. ഓണ്‍ലൈനായും ലേലത്തിന് ആരും പങ്കെടുത്തിരുന്നില്ല. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ബഹ്റൈൻ പ്രവാസിയാണ് അമല്‍ മുഹമ്മദ്. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി ലിമിറ്റഡ് എഡിഷന് പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമര്‍പ്പിച്ചത്.