
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ അന്താരാഷ്ട്ര നേഴ്സസ് ഡേ വിപുലമായ രീതിയിൽ ആഘോഷിച്ചു.

സൊസൈറ്റി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റിയിലെ കുടുംബാംഗങ്ങളിൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന 21 നേഴ്സുമാരെ ആദരിക്കുകയും, ബഹറിനിൽ വർദ്ധിച്ചുവരുന്ന ഹാർട്ടറ്റാക്കിന്റെ കാരണവും പ്രതിവിധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ചടങ്ങിൽ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് ഏഴു കുടുംബാംഗങ്ങൾ അവരുടെ മുടി കാൻസർ കെയർ ഗ്രൂപ്പിന് ദാനം ചെയ്യുകയുണ്ടായി.

കൂടാതെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വെർച്വൽ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹറിനിലെ ആതുര സേവന രംഗത്ത് കഴിഞ്ഞ 46 വർഷമായി നിറസാന്നിധ്യവും കാൻസർ കെയർ ഗ്രൂപ്പിൻറെ പ്രസിഡന്റുമായ ഡോക്ടർ പി. വി. ചെറിയാൻ ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.


ക്യാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ K.T സലീം ചടങ്ങുകളിൽ പങ്കെടുത്ത് ക്യാൻസർ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും മുടി ദാനം ചെയ്യുന്നതിന്റെ പ്രാധാന്യവും വിശദീകരിച്ച്, കുടുംബാംഗങ്ങൾ ദാനം ചെയ്ത മുടി കാൻസർ കെയർ ഗ്രൂപ്പിന് വേണ്ടി ഏറ്റുവാങ്ങി.

സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, പബ്ലിക് റിലേഷൻ സെക്രട്ടറി രജീഷ് പട്ടാഴി നന്ദിയും രേഖപ്പെടുത്തി ശിവജി ശിവദാസൻ, രഞ്ജിത്ത് വാസപ്പൻ, ബിനുമോൻ ചുങ്കപ്പാറ, അശ്വതി പ്രവീൺ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
