
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തോക്കുധാരികളായ അജ്ഞാതര്‍ 23 പേരെ വെടിവെച്ചു കൊന്നു. ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞ ശേഷം ബസില്‍ നിന്ന് താഴെ ഇറക്കിയ യാത്രക്കാര്‍ക്ക് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബലൂചിസ്ഥാനിലെ മുസാഖേല്‍ ജില്ലയിലാണ് സംഭവം. ആയുധധാരികളായ അജ്ഞാതര്‍ മുസാഖേലിലെ അന്തര്‍ പ്രവിശ്യാ ഹൈവേ തടഞ്ഞ ശേഷം ബസുകളില്‍ നിന്ന് യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നുവെന്ന് മുസാഖേല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നജീബ് കാക്കര്‍ പറഞ്ഞു. ബസുകളില്‍ നിന്ന് താഴ ഇറക്കിയവരുടെ ഐഡന്റിറ്റി പരിശോധിച്ച ശേഷമായിരുന്നു ആക്രമണം.
മരിച്ചവര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ആയുധധാരികള്‍ 10 വാഹനങ്ങള്‍ തീയിട്ട് ചാമ്പലാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീകരാക്രമണത്തെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്തി ശക്തമായി അപലപിച്ചു.
