
ബത്തേരി ∙ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ എംഎൽഎയുടെ ഗൺമാൻ സുദേശനു മർദനമേറ്റു. താളൂര്‍ ചിറയില്‍ സ്വാശ്രയസംഘത്തിന്റെ മീന്‍കൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ എംഎൽഎയെ തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് കരിങ്കൊടി കാണിച്ചത്. ആത്മഹത്യപ്രേരണക്കേസിൽ പ്രതികളായ ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
