പാരീസ്: ബഹ്റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ഗൾഫ് എയർ പൈലറ്റ്സ് ട്രേഡ് യൂണിയനും (ജി.എ.പി.ടി.യു) തൊഴിൽ കരാറിൽ ഒപ്പുവെച്ചു.
തൊഴിൽ നിബന്ധനകളും അലവൻസുകളും സംബന്ധിച്ച ദീർഘകാല തർക്കം പരിഹരിക്കാനും കമ്പനി മാനേജ്മെൻ്റും പൈലറ്റുമാരും തമ്മിലുള്ള സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ളതാണ് കരാർ.
ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഗോഹും യൂണിയൻ പ്രസിഡൻ്റ് ക്യാപ്റ്റൻ എസ്സ അൽബിനാലിയും ഇരുപക്ഷത്തിൻ്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ പൈലറ്റുമാരുടെ അലവൻസുകൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നതാ ണെന്നും ബഹ്റൈൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഭാവിയിൽ പൈലറ്റുമാർ ജോലി ചെയ്യുമെന്ന് ഉറപ്പു നൽകുന്നതാണെന്നും ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
കമ്പനിയുടെ സുസ്ഥിരമായ വിജയം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മാനേജ്മെൻ്റും യൂണിയനും തമ്മിലുള്ള സഹകരണത്തിൻ്റെ ഒരു പുതിയ അദ്ധ്യായമാണ് കരാർ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക് നല്ല ഫലമുണ്ടായതിൽ ഗൾഫ് എയർ മാനേജ്മെൻ്റിന് യൂണിയൻ പ്രസിഡൻ്റ് നന്ദി പറഞ്ഞു. കരാർ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും പൈലറ്റുമാരെ കൂടുതൽ പ്രൊഫഷണൽ മികവിന് പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.