ഗാന്ധിനഗർ: പൊതുജന മദ്ധ്യത്തിൽ ഭാര്യയെ പൂർണനഗ്നയാക്കി മർദ്ധിച്ചവശയാക്കി ഭർത്താവ്. ഗുജറാത്തിലെ ദാഹോദിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ ഭർത്താവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയാണ് മർദ്ദനത്തിനിരയായത്.
കഴിഞ്ഞ ഒന്നരവർഷമായി ഭർത്താവിനെയും നാല് മക്കളെയും ഉപേക്ഷിച്ച് മെഹ്സാന ജില്ലയിലെ ചനാസ്മയിൽ കാമുകനൊപ്പം ജീവിക്കുകയായിരുന്നു യുവതി. ഇതിന്റെ അമർഷത്തിൽ യുവാവ് ഭാര്യയെയും കാമുകനെയും മറ്റ് രണ്ടുപേരുമായെത്തി കാറിൽ തട്ടിക്കൊണ്ടുപോയി. തുടർന്ന് ഇരുവരെയും മാർഗാല ഗ്രാമത്തിലെത്തിക്കുകയും യുവതിയെ നഗ്നയാക്കി ആളുകൾ നോക്കിനിൽക്കെ മർദ്ദിക്കുകയുമായിരുന്നു.സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നയാൾ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെയാണ് പ്രതികൾ അറസ്റ്റിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിൽ സമാനസംഭവം ഉത്തർപ്രദേശിൽ നടന്നിരുന്നു. ഭാര്യയെ നഗ്നയാക്കി മര്‍ദ്ദിച്ച ശേഷം ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഹാപൂറിൽ നടന്ന അതിക്രത്തിൽ പിന്നീട് യുവാവ് അറസ്റ്റിലായി. ഭാര്യയുമായി വഴക്കിട്ടപ്പോള്‍ ഭര്‍ത്താവ് തന്നെയാണ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു.