ഗുജറാത്ത്: മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വിജയ് രൂപാണി ഗവർണറെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് രാജി സമർപ്പിച്ചു. തുടർന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് രൂപാണി ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു.
രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗോർദൻ സദഫിയ എന്നിവരുടെ പേരുകൾ വിജയ് രൂപാനിയുടെ പിൻഗാമിയായി പരിഗണിക്കുന്നതായി ബിജെപി വൃത്തങ്ങൾ പറയുന്നു.
