തിരുവനന്തപുരം: ഒമിക്രോണ്‍ സാഹചര്യത്തില്‍ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശമിറക്കി. ഒപിയിലോ, അത്യാഹിത വിഭാഗത്തിലോ, കിടത്തി ചികിത്സയ്ക്കോ വരുന്ന രോഗികള്‍ക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധ നടത്തിയാല്‍ മതി. തുടര്‍ ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ചാലും പരിശോധിക്കാം. എല്ലാ ആശുപത്രികളുകളിലും കോവിഡ് രോഗലക്ഷണവുമായി വരുന്നവര്‍ക്ക് ചികിത്സിക്കാന്‍ പ്രത്യേക ഇടം സജ്ജീകരിക്കാന്‍ നോക്കണം. ഒപിയിലും അത്യാഹിത വിഭാഗത്തിലും ഒരോ പ്രവേശന മാര്‍ഗം മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
വിവിധ സ്പെഷ്യാലിറ്റിയില്‍ അഡ്മിറ്റായ രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആ സ്പെഷ്യാലിറ്റിയുടെ കീഴില്‍ തന്നെ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ച് രോഗിയെ അവിടെ ചികിത്സിക്കേണ്ടതാണ്. ഓരോ വിഭാഗവും, അവരുടെ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ പരിചരിക്കാന്‍ പ്രത്യേക കിടക്കകള്‍ നീക്കിവയ്ക്കേണ്ടതാണ്. അടിയന്തര ചികിത്സ ആവശ്യമെങ്കില്‍ മാത്രം കോവിഡ് ഐസിയുവില്‍ മാറ്റേണ്ടതാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍ എന്നിവ ധരിക്കണം. അതീവ ഗുരുതര വിഭാഗ ചികിത്സക്ക് മാത്രം പി പി ഇ കിറ്റ് ഉപയോഗിച്ചാല്‍ മതി.
ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടക്കരുത്.
