
തിരുവനന്തപുരം : ജിഎസ്ടിയിലെ 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് നികുതി കുറയുന്നത് നല്ലതാണെങ്കിലും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
നികുതി കുറയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് അതിന്റെ പ്രയോജനം ലഭിക്കാതെ, കമ്പനികൾ ലാഭം കൊയ്യും. ഇത് സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കേന്ദ്ര സർക്കാരിന് മറ്റ് വരുമാന മാർഗങ്ങളുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നത് ചർച്ച ചെയ്യേണ്ടതുണ്ടെന്നും ബാലഗോപാൽ വ്യക്തമാക്കി. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട നിർണായക യോഗം സെപ്റ്റംബർ അവസാനത്തോടെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ജിഎസ്ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം
പുതിയ ജിഎസ്ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകി. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം അംഗീകരിച്ചു. ഇനി മുതൽ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ഇതിന് ജിഎസ്ടി കൗൺസിലിൽ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഈ മാറ്റത്തിലൂടെ, 12% നികുതിയുണ്ടായിരുന്ന ഏകദേശം 99% ഉത്പന്നങ്ങളും 5% സ്ലാബിലേക്ക് മാറും. അതുപോലെ, 28% സ്ലാബിലുള്ള 90% ഉത്പന്നങ്ങൾ 18% സ്ലാബിലേക്ക് മാറും. അതേസമയം, പുകയില ഉത്പന്നങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവക്ക് 40% ഉയർന്ന നികുതി തുടരും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
