ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്ത് നടമാടുന്ന ഒട്ടേറെ തെറ്റായ പ്രവണതകള്‍ സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പുറത്തുവന്നതായി കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി. സിനിമാ മേഖലതന്നെ ക്രിമിനലുകള്‍ കൈയടക്കിയിരിക്കുന്നുവെന്നും പുരാഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകള്‍ക്ക് കേവലമായ രണ്ടാംപൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമാ കമ്മിഷന് കണ്ടെത്തിയ ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനു നിര്‍ദ്ദേശിച്ച മാര്‍ഗങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അവ വിശദമായി പരിശോധിച്ച് സിനിമാ മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍, സ്ത്രീകള്‍ക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും സ്വന്തം തൊഴിലിടത്തില്‍ ജോലി ചെയ്യാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.
സ്ത്രീകള്‍ക്ക് അവരുടെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ പലപ്പോഴും കഴിയുന്നില്ല, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളില്ല, ഷൂട്ടിംഗ് മേഖലയില്‍ ഏറെ അരക്ഷിതമായ അന്തരീക്ഷം നിലനില്ക്കുന്നു, യാത്രാ വേളകള്‍ സുരക്ഷിതമല്ല… ഇത്തരം കാര്യങ്ങള്‍ വ്യക്തമായ സ്ഥിതിക്ക് അവരുടെ സുരക്ഷ സിനിമാ മേഖലയില്‍ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പരിശോധിച്ച്, അവ നടപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം.
സേവന വേതന വ്യവസ്ഥകളിലുള്ള അന്തരം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റെമ്യൂണറേഷന്‍ ആക്ട് നിലവില്‍ വന്നിട്ടു വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ സിനിമാമേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീയുടെ അധ്വാനത്തിന്, അവളുടെ പ്രതിഭയ്ക്ക് പുരുഷന്റെ അധ്വാനത്തിന് കിട്ടുന്ന അത്രയും വില കല്പിക്കുന്നില്ലെന്നത് നിയമ വിരുദ്ധ സമീപനമാണ്. അതുകൊണ്ട് ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട് ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും ഉറപ്പാക്കാന്‍ നടപടി വേണം. പുരുഷധിപത്യത്തിന് അന്ത്യം കുറിക്കാനും ലിംഗസമത്വത്തിന്റെ അന്തരീക്ഷം ഒരുക്കിയെടുക്കാനും സിനിമാ മേഖലയില്‍ സാധിക്കണം. 2013 ലെ പോഷ് ആക്ട് അനുസരിച്ചുളള പരാതി പരിഹാര സംവിധാനങ്ങള്‍ എല്ലാ ഷൂട്ടിംഗ് മേഖലയിലും ഉറപ്പുവരുത്തണം.
ഹേമാ കമ്മിഷന് നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റേത് മേഖലയെക്കാളും കൊടിയ ചൂഷണമാണ് സിനിമാ മേഖലയില്‍ നിലനില്ക്കന്നത്. ആ കൊടിയ ചൂഷണം തികച്ചും സ്ത്രീവിരുദ്ധത കാട്ടുന്ന ഇടമായി സിനിമ എന്ന വ്യവസായ മമഖല മാറ്റുന്നു. ഇത് സിനിമാ വ്യവസായ മേഖലയുടെ ഉന്നമനത്തിന് വലിയ തടസമുണ്ടാക്കും. സ്ത്രീ വിരുദ്ധ പ്രവണതകള്‍ സിനിമാ േമഖലയില്‍നിന്നും മാറ്റിയെടുക്കുന്നതിന് ഉതകുന്ന രൂപത്തിലുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഹേമാ കമ്മിഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോഷ് ആക്ട് പ്രകാരമുള്ള പരാതി പരിഹാര കമ്മിറ്റികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് കേരള വനിതാ കമ്മിഷന് ശുപാര്‍ശ ചെയ്യുമെന്നും അഡ്വ: പി. സതീദേവി പറഞ്ഞു.