തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കയ്യേറിയെന്നും വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും തെറ്റിദ്ധാരണ മൂലമാണ് ഉണ്ടായതെന്നും മന്ത്രി കെ രാധാകൃഷ്ണൻ. അഞ്ച് ദേവസ്വം ബോർഡുകളാണ് സംസ്ഥാനത്തുള്ളത്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാരിലേക്ക് പോകുന്നു എന്ന പ്രസ്താവന തീർത്തും വാസ്തവവിരുദ്ധമാണ്.
ദേവസ്വം ബോർഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 450 കോടിയോളം രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത്. പ്രളയവും കൊവിഡ് വ്യാപനവും മൂലം വരുമാനനഷ്ടം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോർഡുകളുടെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഉപയോഗിച്ചാണ് മുടങ്ങാതെ നടത്തിയതെന്നും മന്ത്രി പറഞ്ഞു.