തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നത് മലയാളത്തിലായിരുന്നു.
പിണറായി സർക്കാരിനെ പ്രകീർത്തിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. ‘സാമൂഹ്യ സുരക്ഷയുടെ കാര്യത്തിൽ കേരളം മാതൃകയായി മാറി. ലോകത്തിന് തന്നെ പ്രചോദനമായി. അടിസ്ഥാന സൗകര്യ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാരിൻ്റെ നവകേരളം ഊന്നൽ നൽകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും വലിയ നേട്ടമുണ്ടാക്കി,’ ഗവർണർ പറഞ്ഞു.
ലൈഫ് പദ്ധതിയെയും ഗവർണർ അഭിനന്ദിച്ചു. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്തേകി. ആരോഗ്യരംഗത്ത് കേരളം വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. ആർദ്രം മിഷൻ കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള ഇടങ്ങളിൽ ഈ പുരോഗതി പ്രകടമാണ്. കേരളത്തിന്റെ കാർഷിക പദ്ധതികൾ ഭക്ഷ്യസുരക്ഷയും കർഷകർക്ക് വരുമാനവും തൊഴിലവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.