തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും കാഴ്ചക്കാരെ അനുവദിക്കുന്നതിന് അനുമതിയില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന കാര്യത്തിൽ ശനിയാഴ്ച ചേർന്ന അവലോകന യോഗം തീരുമാനമെടുത്തത്.
തിയേറ്ററുകളിൽ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തിയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാലിത് അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. കോവിഡുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങൾ മാത്രമേയുള്ളൂ. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണ്.
എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ലെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
