തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെ അനുപമയ്ക്ക് നിയമ സഹായവുമായി സർക്കാർ. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകി. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്തു നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കും. അതേസമയം സെക്രട്ടേറിയേറ്റ് പടിക്കൽ അനുപമും അജിത്തും നടത്തുന്ന നിരാഹാരം തുടരുകയാണ്.
കോടതിയെ സമീപിക്കാനുള്ള നിർദേശം മന്ത്രി വീണ ജോർജ് വകുപ്പ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവൺമെന്റ് പ്ലീഡർക്ക് ഇന്ന് തന്നെ കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്. അൽപസമയത്തിനകം തന്നെ ഗവൺമെന്റ് പ്ലീഡർ ഇക്കാര്യം അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ താൽക്കാലികമായാണ് ദത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ നടപടികൾ കോടതിയിൽ പൂർത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്.
ആന്ധ്രയിൽ ദത്തു നൽകിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയർത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നൽകാനിരിക്കെയാണ് സർക്കാർ ഇടപെടൽ നടത്തിയിരിക്കുന്നത്. ഈ കുഞ്ഞിൽ അനുപമ അവകാശവാദം ഉയർത്തിയ കാര്യമാണ് സർക്കാർ അൽപസമയത്തിനകം വഞ്ചിയൂർ കുടുംബ കോടതിയെ അറിയിക്കുക.
ഈ കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സർക്കാർ നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സർക്കാർ കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തിൽ അന്തിമ വിധി വരുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കോടതിയെ അറിയക്കാനാണ് സർക്കാർ നീക്കം.