തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ ഓഫീസുകൾ അടഞ്ഞു കിടന്നത് മൂലം സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള സർക്കാരിന്റെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ജൂലൈ 3ന് തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അവധി ദിവസമാണെങ്കിൽ കൂടിയും ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് പൂർണ്ണ സഹകരണമുണ്ടാകുമെന്ന് സർവീസ് സംഘടനകളും ജീവനക്കാരും അറിയിച്ചിട്ടുണ്ട്. സർവീസ് സംഘടനകൾ സ്വമേധയാണ് ഇത്തരമൊരു ഉദ്യമവുമായി മുന്നോട്ടുവന്നതെന്ന് കളക്ടർ പറഞ്ഞു.
ഫയൽ തീർപ്പാക്കൽ പ്രവർത്തനങ്ങൾക്ക് മാത്രമായാണ് ഓഫീസുകൾ പ്രവർത്തിക്കുക. എല്ലാ ജീവനക്കാരും ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായി ഇതൊരു വലിയ വിജയമാക്കി മാറ്റാൻ സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജൂൺ 15 മുതൽ സെപ്തംബർ 30 വരെയുള്ള മൂന്നര മാസക്കാലമാണ് സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
