മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ഗവൺമെന്റ് ഇന്നൊവേഷൻ മത്സരത്തിന്റെ (ഫിക്ര) അഞ്ചാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ആശയങ്ങളാണ് ഇത്തവണത്തെ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഗവൺമെന്റ് മന്ത്രിമാരുടെ സമിതിയുടെ മൂല്യനിർണ്ണയവും പൊതു വോട്ടും സംയോജിപ്പിച്ച് സമഗ്രമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്ററിലെ ഫായിസ് ബാസിം ഷമീഖ് ഫായിസ് അൽ ഷമീഖ് അവതരിപ്പിച്ച ‘മോട്ടോർ സൈക്കിൾ ആംബുലൻസ് (ദി ഫാസ്റ്റ് റെസ്പോണ്ടർ)’, ലെജിസ്ലേഷൻ ആൻഡ് ലീഗൽ ഒപ്പീനിയൻ കമീഷനിലെ അബ്ദുൽ അസീസ് അബ്ദുല്ല റഷീദ് അബ്ദുല്ല അൽ മൊൗദ അവതരിപ്പിച്ച ‘ലെജിസ്ലേഷൻ ലബോറട്ടറി’. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് നൂറ ഇബ്രാഹിം റഷീദ് അൽജൗദർ, ശൈഖ സനദ് ഇബ്രാഹിം സനദ് അലി അൽഫദാല, മുഹമ്മദ് അബ്ദുൽനബി സൽമാൻ അലവൈനത്തി, ലത്തീഫ ഖാലിദ് ജുമാ ഇബ്രാഹിം ജുമാ അൽദോയ് എന്നിവർ അവതരിപ്പിച്ച ‘360 എജ്യുക്കേറ്റർ ഇവാലുവേഷൻ’ എന്നിവയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ജനങ്ങൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന ആശയങ്ങളെയാണ് സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്ന് വിധിനിർണയ സമിതി അഭിപ്രായപ്പെട്ടു. ഫൈനലിൽ എത്തിയ 12 ആശയങ്ങളും നൂതന ആശയങ്ങളാണെന്ന് സമിതി ചൂണ്ടിക്കാട്ടി.