തിരുവനന്തപുരം: ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസന-സംരക്ഷണ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്. അരിപ്പയിലെ സംസ്ഥാന വന പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരുടെ കോണ്‍വൊക്കേഷനും വനം-വന്യജീവി വകുപ്പിന്റെ വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന വന വികസന ഫണ്ട് ഉപയോഗപ്പെടുത്തി 209 കോടി രൂപയുടെ വിവിധ പ്രത്യേക വന വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ അടുത്ത സാമ്പത്തിക വര്‍ഷം വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായി തേക്ക് തോട്ടങ്ങളുടെ പ്രത്യേക പരിപാലനം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. വനം സര്‍ക്കിളുകളില്‍ പൂര്‍ണ്ണമായും യന്ത്രവത്കൃത സംവിധാനത്തില്‍ തേക്ക് തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കും.ഇതിന് മുന്നോടിയായി ഓരോ വനം സര്‍ക്കിളിലും ഓരോ പൈലറ്റ് പദ്ധതി വീതം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചന്ദനക്കാടുകളുടെ പുനരുജ്ജീവനവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായുള്ള നടപടികള്‍ക്കും രൂപം നല്കി വരുന്നു. തിരഞ്ഞെടുത്ത 200 ഹെക്ടര്‍ പ്രദേശങ്ങളില്‍ രണ്ട് ലക്ഷം ചന്ദന തൈകളും അതിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ആതിഥേയ വൃക്ഷ തൈകളും വച്ചു പിടിപ്പിക്കും.
തനത് ആവാസ വ്യവസ്ഥയില്‍ കടുത്ത വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ പരിപാലനം ഉറപ്പാക്കും. ഉള്‍ക്കാടുകളുടെ പരിപോഷണം, വന മേഖലയിലെ മഴക്കുഴി നിര്‍മാണം എന്നിവയ്ക്കും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വേനല്‍ക്കാലങ്ങളില്‍ ദാഹജല ദൗര്‍ലഭ്യം മൂലം മനുഷ്യവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ വെള്ളം തേടിയെത്തുന്ന സാഹചര്യമുണ്ട്.വന മേഖലയിലെ മഴക്കുഴി നിര്‍മ്മാണം വന്യമൃഗങ്ങള്‍ക്ക് അവയുടെ ആവാസ വ്യവസ്ഥകളില്‍ തന്നെ ദാഹജല ലഭ്യത ഉറപ്പാക്കുന്നതിന് സഹായിക്കും.
വിവര സാങ്കേതിക വിദ്യയിലൂടെ ഭൂദൃശ്യ പരിസ്ഥിതി പരിപാലനത്തിനുള്ള ഏകോപനവും സര്‍ക്കാര്‍ നടപ്പാക്കും.ഇതോടൊപ്പം പ്രധാനപ്പെട്ട ആറ് തടി വില്‍പ്പന ഡിപ്പോകളുടെ ആധുനീകരണം, പത്ത് തടി വില്‍പ്പന ഡിപ്പോകളില്‍ ചുറ്റു മതില് നിര്‍മ്മാണം, ക്വാര്‍ട്ടേഴ്സുകളുടെയും ക്യാമ്പ് ഷെഡ്ഡുകളുടെയും നിര്‍മ്മാണം, നവീകരണം, അറ്റകുറ്റപ്പണികള്‍ , സെന്‍ട്രല്‍-ജില്ലാ നഴ്സറികളുടെ തൈ ഉദ്പാദന ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യം വയ്ക്കുന്നു.
സംസ്ഥാന വന പരിശീലന കേന്ദ്രങ്ങളിലെ പരിശീലന സൗകര്യങ്ങള്‍ കാലോചിതമായി നവീകരിക്കുന്നതിനും സേനയുടെ ആധുനീകരണവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.
കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിക്കുന്നതിന് വകുപ്പ് തയാറെടുക്കുകയാണ്. ഇതിന് വനാശ്രിത സമൂഹങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതി പ്രവര്‍ത്തനം ആവിഷ്ക്കരിക്കും. വനപാലകര്‍ക്ക് അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധ പരിശീലനം ഉറപ്പാക്കുന്നതിനും ആധുനിക അഗ്നിശമന പ്രതിരോധ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.കെഎഫ്ഡിഎഫ് ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ വഴി സംസ്ഥാന വനം വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം മാത്രമല്ല വനാശ്രിത സമൂഹത്തിന്റെ സംരക്ഷണവും ഉന്നമനവും ഉറപ്പാക്കുക എന്ന കടമ കൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കണമെന്ന് കോണ്വൊക്കേഷന് ചടങ്ങില്‍ മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
വനമേഖലയിലെ വിവിധ ജനവിഭാഗങ്ങളും വനം ഉദ്യോഗസ്ഥരും തമ്മില്‍ ആരോഗ്യപരമായ ബന്ധം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍, വനവാസികള്‍ എന്നിവര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാനും തിരിച്ച് വന്യമൃഗങ്ങളെ സുരക്ഷിതമായി വനത്തില്‍ തന്നെ നിലനിര്‍ത്താനുമാവശ്യമായ പ്രവര്‍ത്തനങ്ങളും നടപ്പാക്കണം. ഇതിന് അനുസൃതമായ നിയമനിര്‍മ്മാണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ 30 ഓഫീസുകളില്‍ ആരംഭിച്ച ഡിവിഷന് തല ഇ-ഓഫീസ് സംവിധാനം ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.വനം വകുപ്പിന്റെ തിരഞ്ഞെടുക്കപ്പെട്ട 10 ഓഫീസുകളില്‍ വിപിഎന്‍ മുഖാന്തിരവും 20 ഓഫീസുകളില്‍ കെ-സ്വാന് മുഖേനയുമാണ് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
മുഖ്യ വനം മേധാവി പി.കെ.കേശവന് അധ്യക്ഷനായിരുന്നു.പിസിസിഎഫ്മാരായ ഡി.ജയപ്രസാദ്, നോയല്‍ തോമസ് , അഡീ.പിസിസിഎഫ് ഡോ.പി.പുകഴേന്തി, സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ സഞ്ജയന് കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ എം.നീതുലക്ഷ്മി, ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോണി ജി.വര്‍ഗ്ഗീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ.മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.