ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വൈഫൈ ഇന്റര്‍നെറ്റ് നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചു. ലാഭകരമല്ലാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഹൌറ രാജധാനി എക്സ്പ്രസില്‍ വൈഫൈ അടിസ്ഥാനമാക്കി ഇന്റര്‍നെറ്റ് ലഭ്യമാക്കിയിരുന്നു. ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാങ്കേതികതയിലൂടെയാണ് നടപ്പിലാക്കിയത്.
എന്നാല്‍ ഇതിന് വേണ്ടുന്ന ചിലവ് വളരെയേറെയാണ്. അതിനാല്‍ തന്നെ ഇത് ലാഭകരമായ ഒരു സാങ്കേതിക വിദ്യയല്ല. ഒപ്പം തന്നെ ഉപയോക്താക്കള്‍ക്ക് എപ്പോഴും കൃത്യമായ ബാന്റ് വിഡ്ത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുവാനും സാധിക്കണമെന്നില്ല. അതിനാല്‍ ട്രെയിനുകളില്‍ നല്ല രീതിയില്‍ ഇന്റര്‍നെറ്റ് നല്കാന് സാധിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തും വരെ ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.