തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐയ്ക്ക് കൈമാറി ക്രൈംബ്രാഞ്ച്. കേസ് ഡയറിയും അനുബന്ധ രേഖകളുമാണ് കൈമാറിയത്. രേഖകൾ ഉടൻ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പറഞ്ഞത്. ഹൈക്കോടതി വിധി ശരിവെച്ച കോടതി ഉടൻ രേഖകൾ കൈമാറാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
കേസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും, കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ അപേക്ഷയിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് രേഖകൾ കൈമാറിയില്ല. സംസ്ഥാന സർക്കാരിൽ നിന്നും നിർദ്ദേശം ലഭിക്കാത്തതിനെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് രേഖകൾ കൈമാറാതിരുന്നതെന്നായിരുന്നു പിന്നീട് അറിഞ്ഞത്. ഇതിന് പിന്നാലെ സിബിഐ സംഘം രേഖകൾ പിടിച്ചെടുക്കാനുള്ള നീക്കവും നടത്തിയിരുന്നു.