മനാമ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോറൻസിക് ഇൻഫർമേഷൻ ഡയറക്ടറേറ്റ്, ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ച് ദേശീയ പോർട്ടലായ Bahrain.bh വഴി പുതിയ ഇ-സേവനം ആരംഭിച്ചു. വിദേശത്തുള്ളവർക്ക് ഇനിമുതൽ ബഹ്റൈനിലെ സ്വഭാവ സർട്ടിഫിക്കറ്റിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.വിദേശത്തുള്ള ബഹ്റൈനികൾക്കും മുമ്പ് ഇവിടെ ജോലി ചെയ്ത ജി.സി.സി പൗരന്മാർക്കും മറ്റു വിദേശികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അപേക്ഷയുടെ തൽസ്ഥിതി അറിയാനും സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കാനും പോർട്ടൽ വഴി സാധിക്കും.
ബഹ്റൈനിൽ താമസിച്ചിരുന്ന കാലത്തെ തിരിച്ചറിയൽ കാർഡ് നമ്പർ സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വിരലടയാളവും അപേക്ഷക്കൊപ്പം വേണം. വിരലടയാളം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു പോപ്അപ് നോട്ടിഫിക്കേഷൻ ലഭിക്കും. താമസിക്കുന്ന രാജ്യത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി വിരലടയാളം അപ്ലോഡ് ചെയ്യണമെന്ന നിർദേശമാണ് ഇതിൽ ലഭിക്കുക.
നിലവിൽ ബഹ്റൈനിൽ താമസിക്കുകയും ബഹ്റൈൻ വിട്ടുപോകുമ്പോൾ ഉടൻതന്നെ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് ഡയറക്ടറേറ്റിനു കീഴിലെ പൊലീസ് സ്റ്റേഷനുകളിൽ ചെന്ന് വിരലടയാളം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈനിൽ വളരെ എളുപ്പത്തിൽ സ്വഭാവ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകാമെന്ന് അധികൃതർ വ്യക്തമാക്കി.
വെബ്സൈറ്റിലെ Safety and Security എന്ന ലിങ്കിൽ പ്രവേശിച്ച് Issue a Good Conduct Certificate എന്ന വിഭാഗം തെരഞ്ഞെടുക്കണം. തുടർന്ന് ബഹ്റൈൻ തിരിച്ചറിയൽ കാർഡ് നമ്പർ നൽകി ‘continue’ കൊടുക്കുക. ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വിരലടയാളം സിസ്റ്റം തിരിച്ചറിയുകയാണെങ്കിൽ ഒരു ഫോം ലഭ്യമാകും. ആവശ്യമായ വിവരങ്ങൾ ഇതിൽ പൂരിപ്പിക്കണം. വ്യക്തിഗത വിവരങ്ങൾ, അപേക്ഷയുടെ ഉദ്ദേശ്യം, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, താമസിക്കുന്ന രാജ്യം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. നിശ്ചിത തുക ഫീസായ അടച്ചുകഴിഞ്ഞാൽ അപേക്ഷ സമർപ്പണം പൂർത്തിയാകും. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടക്കാം.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പറും രസീതും പ്രിന്റ് എടുത്തോ ഇലക്ട്രോണിക് കോപ്പിയായോ സൂക്ഷിക്കണം. വിദേശത്തുള്ളവർക്ക് ഓൺലൈനിൽ മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. സ്വഭാവ സർട്ടിഫിക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ തവാസുൽ ആപ് വഴിയും സംശയങ്ങൾ ചോദിക്കാം.