
തിരുവനന്തപുരം: സ്വർണക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജാണ് ഈ ആവശ്യമുന്നയിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത്. കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽനിന്ന് ദുബായിലേക്കു പോകുന്നയാളുകൾക്ക് സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്ന് പരാതിയിൽ ആരോപിച്ചു.

ഭരണസമിതി അംഗങ്ങളായ അബുലൈസ്, റഫീഖ് അമാന, ഇക്ബാൽ അമാന, ഒ.കെ. അബ്ദുൽസലാം എന്നിവർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്നവരാണെന്നും പദ്ധതി ഉപയോഗിച്ച് ആളുകളെ സ്വർണക്കടത്ത് കാരിയർമാരായി ഉപയോഗിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
