
കാരക്കാസ്: വെനസ്വേലയിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക പെരുകുന്നു. വെനസ്വേല- അമേരിക്ക സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വില കുത്തനെ വർദ്ധിക്കും. യുഎസ് വെനസ്വേലയിൽ നടത്തിയ നീക്കത്തിന്റെ പ്രതിഫലനം തിങ്കളാഴ്ചയോടെ വിപണിയിൽ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികൾ അവധിയിലായതിനാൽ തിങ്കളാഴ്ച എങ്ങനെയാകും ആഗോളവിപണിയിലെ പ്രതിഫലനമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
രാജ്യാന്തര വിപണിയിൽ സ്വര്ണം, വെള്ളി അടക്കമുള്ള ലോഹങ്ങളുടെ വില കുതിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ലോഹങ്ങൾ, ക്രൂഡ് ഓയിൽ, മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ‘യാ വെൽത്ത്’ (Ya Wealth) ഡയറക്ടർ അനുജ് ഗുപ്ത പറഞ്ഞു. കോമെക്സ് (COMEX) വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,345.50 ഡോളറിലാണ് ക്ലോസ് ചെയ്തത്. അടുത്ത തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ ഇത് 4,380 ഡോളറിലേക്ക് ഉയർന്നേക്കാം. വെള്ളി നിരക്ക് ഔൺസിന് 75 മുതൽ 78 ഡോളർ വരെ എത്തിയേക്കാം. അതുപോലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 62 മുതൽ 65 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ (MCX) സ്വർണ്ണവില 10 ഗ്രാമിന് 1,40,000 രൂപയായും വെള്ളി കിലോയ്ക്ക് 2,45,000 രൂപയായും ഉയർന്നേക്കാം. എംസിഎക്സിൽ ക്രൂഡ് ഓയിൽ വില ബാരലിന് 5,200 മുതൽ 5,300 രൂപ വരെയാകാനും സാധ്യതയുണ്ട്.”
യുഎസ്-വെനസ്വേല സംഘർഷം വെള്ളി കയറ്റുമതിയിൽ വലിയ തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. യുഎസ്-വെനസ്വേല പ്രതിസന്ധി ലോകത്തിലെ ഏറ്റവും വലിയ വെള്ളി കയറ്റുമതിക്കാരായ പെറുവും ചാഡും ഉപയോഗിക്കുന്ന സമുദ്രപാതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് വിതരണ തടസ്സങ്ങൾക്കും വിലക്കയറ്റത്തിനും കാരണമാകും. അതേസമയം ലോകത്തെ ക്രൂഡ് ഓയിൽ സമ്പത്തിന്റെ അഞ്ചിലൊന്ന് സ്വന്തമായുള്ള രാജ്യമാണ് വെനസ്വേല. എന്നാൽ എണ്ണ വിതരണ രംഗത്ത് വെനസ്വേല വിലയ ശക്തിയല്ല. നിലവിലെ പ്രതിസന്ധി രാജ്യാന്തര എണ്ണ വിപണിയെ നിലവിൽ സാരമായി ബാധിക്കില്ല.


