തൂപ്രാന്‍പേട്ട് : തെലങ്കാനയില്‍ ആദിവാസി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി കൊന്നു. യദാരി ഭുവനഗിരി ജില്ലയിലെ തൂപ്രാന്‍പേട്ടിലാണ് നിഷ്ഠൂര സംഭവം. അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.മാര്‍ച്ച് 13നാണ് ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശികളായ യുവതിയും ഭര്‍ത്താവും ജോലി തേടി തൂപ്രാന്പേട്ടിലെത്തിയത്. തുടര്‍ന്ന് ഹൈദരാബാദ്-വിജയവാഡ ഹൈവേയ്ക്ക് സമീപമുള്ള വെയര്‍ഹൗസില്‍ സുരക്ഷാജോലി ചെയ്ത് വരികയായിരുന്നു ഇരുവരും. വെയര്‍ ഹൗസില്‍ തന്നെയാണ് ദമ്പതികള്‍ താമസിക്കുന്നത്.
യുവതിയുടെ ഭര്‍ത്താവ് പകല്‍ സമയം സമീപത്തുള്ള എഞ്ചിനീയറിങ് കോളജില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നുണ്ട്. മെയ് 9 രാവിലെ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് സമീപത്തെ സിമന്റ് കട്ട നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ കൊലപ്പെടുത്തി.ജോലി കഴിഞ്ഞ് ഭര്‍ത്താവ് തിരികെ വന്നപ്പോള്‍ യുവതിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ വൈക്കോല്‍കൂനയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.ഡോഗ് സ്ക്വാഡ് ഉള്‍പ്പടെ എത്തി നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെ പിടികൂടി.ബലാത്സംഗ വിവരം വെളിപ്പെടുത്തുമെന്ന് ഭയന്നാണ് യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം ചൗട്ടുപ്പലിലുള്ള സർക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.