രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 40 കാരിയാണ് കൊല്ലപ്പെട്ടത്. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം.
പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളികളായ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഒഡീഷ സ്വദേശികളാണെന്നാണ് സൂചന.
വടക്കാട് ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവതി, ചൊവ്വാഴ്ച ജോലിക്കായി പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചെമ്മീന്‍ കെട്ടിന് സമീപം ഒഴിഞ്ഞസ്ഥലത്ത് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ ചെമ്മീന്‍ കെട്ട് തകര്‍ക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.