പോളണ്ട്: പോളണ്ടിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജോർജിയൻ പൗരൻ അറസ്റ്റിൽ. പോളണ്ട് പൊലീസാണ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത്. ജോർജിയൻ പൗരൻമാരുമായുള്ള തർക്കത്തിനിടെയാണ് തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് കൊല്ലപ്പെട്ടത്.
മലയാളി യുവാക്കളും ജോർജിയൻ സ്വദേശികളും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നതിനിടയിൽ സൂരജ് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് കുത്തേറ്റത്. പോളണ്ടിലെ മലയാളികളാണ് ഇന്നലെ രാവിലെ എട്ടരയോടെ സൂരജിന്റെ മരണവിവരം ഒല്ലൂരിലെ സുഹൃത്തുക്കളെ അറിയിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിക്കുകയായിരുന്നു.
അറയ്ക്കൽ വീട്ടിൽ മുരളീധരന്റെയും സന്ധ്യയുടെയും മകനാണ് 23 കാരനായ സൂരജ്. ഐടിഐ ബിരുദധാരിയായ യുവാവ് അഞ്ച് മാസം മുമ്പാണ് പോളണ്ടിലേക്ക് പോയത്. ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലേക്ക് അവസാനമായി സൂരജ് വിളിച്ചത്. ഇന്നലെ പുലർച്ചെ 5 മണി വരെ സൂരജ് ഓൺലൈനിൽ ഉണ്ടായിരുന്നു. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് പാലക്കാട് സ്വദേശി പോളണ്ടിൽ കുത്തേറ്റു മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ സാഹചര്യത്തിൽ സൂരജിനും ജീവൻ നഷ്ടമായത്.