കോഴിക്കോട്: മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി. കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ജോര്‍ജ് എം തോമസും കുടുംബംഗങ്ങളും 16 ഏക്കര്‍ കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു.
മിച്ചഭൂമി കേസില്‍ ജോര്‍ജ് എം തോമസിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്ത പശ്ചാത്തലത്തില്‍ സ്വകാര്യവ്യക്തി ലാന്‍ഡ് ബോര്‍ഡ് കമ്മിഷണര്‍ക്ക് പരാതിനല്‍കുകയായിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നായിരുന്നു കമ്മിഷണറുടെ നിര്‍ദേശം. അതിനുശേഷം ലാന്‍ഡ് ബോര്‍ഡ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആ കേസിലാണ് ഉത്തരവ്.
ജോര്‍ജ് എം തോമസ് നിര്‍മിച്ച പുതിയ വീട് മിച്ചഭൂമിയലാണെങ്കിലും അത് നില്ക്കുന്ന സ്ഥലം ഒഴിവാക്കിയാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. ജോര്‍ജ് എം തോമസിന്റെ സഹോദരന് കൈവശം വച്ച ആറ് ഏക്കര്‍ ഭുമിയും മിച്ചഭുമിയായി കണ്ടെത്തിയിട്ടുണ്ട്. ആ സ്ഥലം കുടിയാന്മാര് എത്തുകയാണെങ്കില്‍ അവര്‍ക്ക് തിരികെ ഏല്‍പ്പിക്കണമെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ആ ഉത്തരവ് തഹസില്‍ദാര്‍ക്ക് കൈമാറും. ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവിനെതിരെ ജോര്‍ജ് എം തോമസ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.