തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുമെന്നും അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുന്ന വിഷയങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ വസന്തകലമാണ് വരാനിരിക്കുന്നത്. മതേതരത്വം, ഭരണഘടന, കൃഷി, സ്ത്രീധനത്തിനെതിരെയുള്ള അവബോധം തുടങ്ങിയവ പാഠ്യവിഷയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെടുമങ്ങാട് നഗരസഭയിലെ കരുപ്പൂര് ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നെടുമങ്ങാട് നഗരസഭയുടെ 2020-21 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്.
പൊതുവിദ്യാഭ്യാസരംഗം വികസനത്തിന്റെ പാതയിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സർക്കാർ സ്കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്താനായെന്നും ഏഴ് ലക്ഷത്തോളം വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ രംഗത്തേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൻ എസ്.ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, മുനിസിപ്പൽ എഞ്ചിനീയർ അനോജ് കുമാർ പി.ആർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പ്രഥമാധ്യാപിക ബിന്ദു.ജി, മറ്റ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.