
തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കമായി.
കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശനവേദിയെ സമ്പന്നമാക്കുന്നു.
സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ഗാസ മനുഷ്യത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ചെറിയ ഭൂപ്രദേശത്താണ് 270 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുന്നവരെയും ആശുപത്രിയിലെ രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ക്രൂരത മറ്റെവിടെയും നമ്മൾ കണ്ടിട്ടില്ല.
ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന് മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. എസ്.ജെ.എഫ്.കെ. മുൻ പ്രസിഡന്റ് എ. മാധവൻ, സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സരിതാ വർമ്മ, കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ആർ. പ്രവീൺ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, പി. മുസ്തഫ, ബി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നാളെ നാലു മണിക്ക് തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
