
ജറുസലേം: ഗാസയിൽ വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിർദേശം തള്ളി ഇസ്രായേൽ. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചു. എന്നാൽ വെടിനിർത്തില്ലെന്നും ഗാസയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇപ്പോൾ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സമ്മർദ്ദത്തിൽ ആണെന്നും ഗാസ പൂർണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു.
60 ദിവസത്തെയ്ക്ക് വെടി നിർത്തിയാൽ, ബന്ദികളാക്കപ്പെട്ട ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കാം എന്നായിരുന്നു ഹമാസ് പറഞ്ഞത്. എന്നാൽ, ഗാസ സിറ്റി പിടിച്ചെടുക്കുമെന്ന ഭയം കൊണ്ടാണ് ഹമാസ് വെടിനിർത്തലിന് തയ്യാറായത് എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇപ്പോൾ വെടി നിർത്തിയാൽ ഹമാസിന് പുനഃസംഘടിക്കാനും, ശക്തി നേടാനും കഴിയും എന്ന വാദം ആണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കൾ ഉയർത്തുന്നത്. ഗാസയിൽ ഇസ്രായേൽ പട്ടാളം ആക്രമണം തുടരുകയാണ്. അതേസമയം ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രായേലി നഗരങ്ങളിൽ പ്രക്ഷോഭം ശക്തമായി. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ കുടുംബങ്ങളാണ് പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗാസയിലെ മാനുഷിക സാഹചര്യം അങ്ങേയറ്റം ദയനീയമായി തുടരുകയാണ്.
