മനാമ: ബഹ്റൈൻ ഇൻറർനാഷണൽ ഗാർഡൻ ഷോ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനഃരാരംഭിക്കുന്നു. ബഹ്റൈനിലെ ഏറെ ജനപ്രിയമായ പ്രദർശനങ്ങളിൽ ഒന്നായ ഗാർഡൻ ഷോയുടെ 16ാമത് പതിപ്പാണ് മാർച്ചിൽ നടക്കുന്നത്. സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ മാർച്ച് ഒന്നു മുതൽ നാല് വരെയാണ് മേള നടക്കുന്നത്. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ഗാർഡൻ ഷോ സംഘടിപ്പിക്കുന്നത്.
കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പ്രദർശനം നടത്താൻ സാധിച്ചിരുന്നില്ല. 2019ലാണ് അവസാന പ്രദർശനം നടന്നത്. അടുത്ത മാർച്ചിൽ പ്രദർശനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. ‘ജലം: ജീവൻ പുനരുജ്ജീവിപ്പിക്കുന്നു’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം ജലത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുന്നതാണ്. ജലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
ബോധവൽക്കരണ മേഖല, മാർക്കറ്റിംഗ് മേഖല എന്നിങ്ങനെ രണ്ടു മേഖലകളായാണ് പ്രദർശനം നടക്കുന്നത്. ബോധവൽക്കരണ മേഖലയിൽ പൊതുമേഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷി, നല്ല പരിശീലനങ്ങൾ, വ്യവസായത്തിന്റെ സുസ്ഥിരതയ്ക്കുള്ള സാങ്കേതിക പരിഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും. മാർക്കറ്റിംഗ് മേഖലയിൽ കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും വിൽപന നടത്താനും സൗകര്യമുണ്ടാകും.
നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻഐഎഡി) സംഘടിപ്പിക്കുന്ന പ്രദർശന മേളയിൽ 45,000 സന്ദർശകരായാണ് പ്രതീക്ഷിക്കുന്നത്.