തിരുവല്ല: മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരേ പരോക്ഷവിമർശനവുമായി സി.പി.എം. നേതാവ് ജി. സുധാകരൻ. ആരാണ് ഈ ടീച്ചറമ്മ എന്ന് ചോദിച്ച സുധാകരൻ, ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നും പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന ജോസഫ് എം. പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം.
പൊളിറ്റിക്കൽ ക്രിമിനൽസ് വളർന്നുവരുന്നുണ്ടെന്നും അത്തരക്കാരുമായി ചങ്ങാത്തംകൂടി പത്രമാധ്യമങ്ങളിൽ കൂടി ചിലർ അവരുടെ താത്പര്യപ്രകാരം വാർത്ത കൊടുക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. എം.ടി.യുമായുള്ള വിവാദ വിഷയത്തിൽ, എം.ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പറയേണ്ട കാര്യങ്ങൾ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുശ്ശേരി പറഞ്ഞു ടീച്ചറമ്മയെ മന്ത്രിയാക്കിയില്ലെന്ന്. ആരാണ് ഈ ടീച്ചറമ്മ. അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല. ഒരമ്മയ്ക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാ മതി. ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമില്ല. കഴിവുള്ള പലരും കേരളത്തിൽ മന്ത്രിമാരായില്ല. വാർധക്യമായില്ല, ചിലപ്പോൾ ആകുമായിരിക്കും. ഞാൻ വിമർശിക്കുകയല്ല. പലരും പലതരത്തിൽ മന്ത്രിയാകും. ആ മന്ത്രിമാരെപ്പറ്റിയല്ല ഞാൻ പറയുന്നത്. കൊച്ചുകൊച്ചു പാർട്ടിക്ക് ഒരു എം.എൽ.എ. മാത്രേ കാണൂ, അയാൾ മന്ത്രിയാകും. പുതിയ ആൾ ആയിരിക്കും. അത്യാവശ്യം ഒരു ലാത്തിയൊക്കെ ശരീരത്തിൽകൊള്ളണം. അതൊക്കെ അറിഞ്ഞിരിക്കണം. അങ്ങനെ ഒക്കെയാണ് ഇവിടെ ആയിട്ടുള്ളത്. സഹാനുഭൂതിയോ നല്ലതുപോലെ സംസാരിക്കുന്നതോ അല്ല മന്ത്രിസ്ഥാനം. ആ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച് പ്രസ്ഥാനത്തെ വളർത്തി അഭിപ്രായങ്ങൾ ധൈര്യമായി പറഞ്ഞ് തുല്യഅവസരങ്ങൾ ഉപയോഗിച്ച് പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ നിന്ന് അങ്ങനെയാണ് വരേണ്ടത്.
പൊളിറ്റിക്കൽ ക്രിമിനൽസ് എന്നൊരു വിഭാഗം വളർന്നുവരുന്നുണ്ട്. ഇതുഞാൻ പറഞ്ഞിട്ട് രണ്ടുവർഷം ആയി. അതു വർധിച്ചു വരുന്നുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകളുമായി ചങ്ങാത്തം കൂടി പത്രമാധ്യമങ്ങളിൽ അവരുടെ താത്പര്യപ്രകാരം വാർത്ത കൊടുക്കുക. ഒരു കൂട്ടം പൊളിറ്റിക്കൽ ക്രിമിനലുകളായിട്ടുള്ള മാധ്യമപ്രവർത്തകരും ഉണ്ട്. ഇത് ഒരിക്കലും പാടില്ല.
എം.ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ട എന്ന് ഞാൻ പറഞ്ഞിട്ടേ ഇല്ല. അതിന്റെ ഓഡിയോ കേട്ടു നോക്കൂ. എം.ടി. വാസുദേവൻ നായരല്ല കൊച്ചു കുട്ടി പഠിപ്പിച്ചാലും നമ്മൾ പഠിക്കും. നമ്മൾ ജനങ്ങളെ പഠിപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകരാണ്. ജനങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. പറയേണ്ടകാര്യം പറഞ്ഞു, അതുപറയണമല്ലോ. അല്ലാതെ ഭയന്ന് പറയാതിരിക്കുക, ആരെങ്കിലും പറയുമ്പോൾ അതിന്റെ പുറകിൽ ഒളിച്ചുനിന്ന് പതുക്കെ പറയുക അതൊന്നും വേണ്ട.