കൊച്ചി : കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎൽഎയുടെ മൃതദേഹം ഇന്ന് (2021 ഡിസംബർ 22ന് ) വെല്ലൂർ ആശുപത്രിയിൽ നിന്ന് 3 മണിക്ക് റോഡ് മാർഗം കുമളി വഴി ഇടുക്കി ഉപ്പുതോട് കുടുംബവീട്ടിൽ എത്തിക്കുന്നു. തുടർന്ന് രാവിലെ 6.30 ന് എറണാകുളം പാലാരിവട്ടം – വയലാശ്ശേരി റോഡിലെ വസതിയിൽ എത്തിച്ച്, അവിടെ നിന്ന് തമ്മനം – വൈറ്റില വഴി 7.30ന് എറണാകുളം ഡിസിസി ഓഫീസിൽ, പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി ഒരു മണിക്കൂർ പൊതുദർശനം. 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർക്ക് അന്ത്യമോപചാരമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കും. 1.30 മുതൽ 4.30 വരെ അദ്ദേഹം ജനപ്രതിനിധിയായിട്ടുള്ള തൃക്കാക്കര കമ്യുണിറ്റി ഹാളിൽ പൊതുദർശനവും തുടർന്ന് 5.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരവും നടത്തുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
സംസ്കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന് പി.ടി.തോമസിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മശാനത്തില്‍ തന്നെ ദഹിപ്പിക്കണമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും” വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം. ചിതാഭസ്മത്തിന്റെ ഒരു ഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത് തുടങ്ങിയ ആഗ്രഹങ്ങളാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സുഹൃത്തുക്കളെയാണ് അദ്ദേഹം തന്റെ അന്ത്യാഭിലാഷം അറിയിച്ചിരുന്നത്. അതേസമയം പി.ടി.തോമസിന്റെ കണ്ണുകളും ദാനം ചെയ്തു.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്ന് രാവിലെ 10.15നാണ് അന്തരിച്ചത്. ഒരു മാസത്തിലേറെയായി വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാല് തവണ എംഎല്‍എയും ഒരു തവണ എംപിയുമായി. പി.ടി.തോമസിന്റെ ഭൗതികദേഹം വെല്ലൂരില്‍ നിന്നും അദ്ദേഹത്തിന്റെ ജന്മനാടായ ഇടുക്കി ഉപ്പുതോട്ടിലാകും ആദ്യം എത്തിക്കുക. ഇവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്.