തിരുവനന്തപുരം: പി.ബിജുവിന്റെ പേരിലുള്ള ഫണ്ട് തട്ടിപ്പ് വാർത്ത വ്യാജമാണെന്ന് ഡിവൈഎഫ്ഐ. അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ഡിവൈഎഫ്ഐ അപലപിക്കുന്നുവെന്നും, പി.ബിജുവിന്റെ പേര് വലിച്ചിഴച്ച് വ്യാജവാർത്ത നൽകിയെന്നും ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു.
“നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കാനുള്ള ദുഷിച്ച തന്ത്രത്തിന്റെ ഭാഗമാണിത്. റെഡ് കെയർ സെന്റർ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുന്നില്ല. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഒരു ദിവസത്തെ വരുമാനത്തിൽ നിന്നും വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനത്തിൽ നിന്നുമാണ് ഫണ്ട് സ്വരൂപിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന പരാതിയായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഡി.വൈ.എഫ്.ഐക്ക് ലഭിച്ച ഫണ്ടിൽ കൃത്യമായ കണക്കുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളുമുണ്ട്. ഓരോ കണക്കുകളും കൃത്യമായി കൈയിലുണ്ട്. ഇക്കാര്യം പരസ്യമായി പറയുമെന്നും” ഷിജു ഖാൻ പറഞ്ഞു.