മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ രംഗത്തെ നിശബ്ദ സാന്നിധ്യങ്ങളും ഫ്രന്റ്സ് പ്രവർത്തകരുമായ മൊയ്തു കാഞ്ഞിരോട്, അബ്ദുൽ അസീസ് കെ എന്നിവർക്ക് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് സംഘടിപ്പിച്ചു. സംഘടനയുടെ എല്ലാ പ്രവർത്തങ്ങളിലും സജീവമായി പ്രവർത്തിക്കുകയും തങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ സേവന മേഖലയിൽ മാതൃകാപരമായി ഉപയോഗപ്പെടുത്തുകയും ചെയ്ത വ്യക്തിത്വങ്ങളാണ് മൊയ്തു കാഞ്ഞിരോടും അബ്ദുൽ അസീസും.
തിരിച്ചുപോക്ക് പ്രവാസികൾക്ക് അനിവാര്യമാണെന്നും ഇവരുടെ സേവനങ്ങൾ മറ്റുള്ളവർക്ക് എന്നും ആവേശവും പ്രചോദനവുമാണെന്നും യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രവർത്തന മേഖലയില്‍ ബഹ്റൈനിൽ നിന്നും ലഭിച്ച വിലപ്പെട്ട അനുഭവങ്ങൾ നാട്ടിലും ഈ മേഖലയിൽ തുടരാൻ തങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് മൊയ്തു കാഞ്ഞിരോടും അബ്ദുൽ അസീസും മറുപടി പ്രസംഗത്തിൽ പറഞ്ഞു. അവർക്കുള്ള ഫ്രന്റ്സിന്റെ ഉപഹാരം പ്രസിഡൻ്റ് സഈദ് റമദാൻ നദ്വിയും വൈസ് പ്രസിഡൻ്റ് ജമാൽ നദ്വിയും നൽകി.
പരിപാടിയിൽ അഹമ്മദ് റഫീഖ്, സലീം ഇ. കെ, സാജിദ സലീം, സഈദ റഫീഖ്, അനീസ് വി.കെ, ജമാൽ ഇരിങ്ങൽ, ജലീൽ അബ്ദുല്ല, സുബൈർ എം.എം, ബദറുദ്ദീൻ പൂവാർ, അബ്ദുൽ ഗഫൂർ മൂക്കുതല തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പ്രസിഡൻ്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് രാജ് നന്ദി പറഞ്ഞു.