
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന സംഗമം യൂനുസ് സലീമിൻ്റെ ഉദ്ബോധന ക്ലാസോടെ ആരംഭിച്ചു. ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും വൈജ്ഞാനിക വികാസവും, ധിഷണയും നേടിയെടുക്കാൻ ശ്രമമുണ്ടാകണം. ആത്മ പരിശോധന ശക്തമാക്കുകയും സജീവതയും സാമൂഹിക അവബോധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം ആമുഖ ഭാഷണം നടത്തി. ധാർമിക ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാവാൻ ഓരോ പ്രവർത്തകനും ശ്രമിക്കണമെന്നും പ്രതി സന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാനും വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തൽ വരുത്താനും സന്നദ്ധമാകേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
ജാസിർ പി.പി പഠന ക്ലാസ് നടത്തിയ പരിപാടിയിൽ ജന. സെക്രട്ടറി സഈദ് റമദാൻ നദ് വി സ്വാഗതമാശംസിച്ചു. വാർഷിക റിപ്പോർട്ട് അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ അവതരിപ്പിച്ചു. അമൽ, തഹിയ ഫാറൂഖ്, ശമ്മാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിഫ ഏരിയ ആക്ടിംഗ് പ്രസിഡൻ്റ് അഹ് മദ് റഫീഖ് സമാപനം നിർവഹിച്ചു.
