മനാമ: മാനവികതയും കാരുണ്യവും ആർദ്രതയുമാണ് പ്രവാചകൻ തന്റെ ജീവിതത്തിലൂടെ പകർന്നു തന്നതെന്ന് ഫ്രൻ്റ്സ് പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി അഭിപ്രായപ്പെട്ടു. “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കാമ്പയിനിൻ്റെ ഭാഗമായി മനാമ ഏരിയ നടത്തിയ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനീതിക്കും അക്രമത്തിനുമെതിരെ മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കാനാണ് മുഹമ്മദ് നബി ആഹ്വാനം ചെയ്തത്. മനുഷ്യർക്കിടയിലുള്ള എല്ലാ ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാൻ അദ്ദേഹം പരിശ്രമിച്ചു. സഹജീവികളുടെ പ്രയാസങ്ങളിൽ ചേർന്ന് നിൽക്കാൻ കഴിയണം. കലുഷിതമായ സമകാലിക സാഹചര്യത്തിൽ മനുഷ്യ മനസ്സുകളിലേക്ക് വംശീയതയും വർഗീയതയും നിറക്കപ്പെടുന്നത് കരുതിയിരിക്കേണ്ടതുണ്ട്. താൻ മനസ്സിലാക്കിയ സത്യത്തിന് വേണ്ടി നിലകൊള്ളുകയും മാനവ സമൂഹത്തിന് വെളിച്ചം കാണിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. പലപ്പോഴും പ്രവാചകനെ തെറ്റിദ്ധരിപ്പിക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തെ നിഷ്പക്ഷമായി വായിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സംഗമത്തിൽ അബ്ദുൽ ഹഖ് പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. പങ്കെടുത്തവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മനാമ ഏരിയ പ്രസിഡന്റ് ഫാറൂഖ് വി.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഷമീം സ്വാഗതം പറയുകയും സജീബ് നന്ദി പറയുകയും ചെയ്തു. ജലീൽ മല്ലപ്പള്ളി, ഫൈസൽ , ലതീഫ് കടമേരി, അസീസ് , ഷബീഹ ഫൈസൽ, റഷീദ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.