മനാമ: കേരളത്തിലെ പ്രമുഖ വാർത്താ ചാനലായ മീഡിയാ വണ്ണിനെതിരെയുള്ള നിരോധന നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. വ്യക്തമായ കാരണം കാണിക്കാതെയാണ് കഴിഞ്ഞ ദിവസം (ജനുവരി 31) പൊടുന്നനെ ചാനലിന്റെ സംപ്രേഷണം വിലക്കി കൊണ്ടുള്ള ഉത്തരവ് വന്നത്. രാജ്യത്തെ ഭരണഘടനയും നിയമവ്യവസ്ഥയും അനുവദിക്കുന്ന വഴിയിലൂടെ ഉജ്വലമായി പോരാടിനിന്നുകൊണ്ട് പുനഃസംപ്രേഷണ അവകാശം നേടിയെടുക്കാനുള്ള മീഡിയാവണ്ണിന്റെ നിലപാട് ശ്ളാഘനീയമാണ്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഈ നിലപാടിനൊപ്പം ചേർന്നുനിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
നമ്മുടെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും കരുതൽ ശേഷി നഷ്ടപ്പെട്ടില്ലെന്നാണ് പൗരസമൂഹത്തിന്റെ ജാഗ്രതപ്പെടലിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. മതത്തിനും പാർട്ടിക്കുമപ്പുറം ചാനൽ നിരോധനത്തിനതിരെയുള്ള ജനങ്ങളുടെ രോഷപ്രകടനവും പ്രതികരണവും ഓരോ ജനാധിപത്യ വിശ്വാസിക്കും സന്തോഷം നൽകുന്നതാണ്. മാധ്യമങ്ങളെ കണ്ണുരുട്ടി തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ എക്കാലത്തും അധികാരി വർഗം നടത്തിയിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു പൂർവാധികം കരുത്തോടെ മീഡിയാവണ്ണിന് തങ്ങളുടെ ജൈത്രയാത്ര തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
