മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ‘ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വം’ എന്ന തലക്കെട്ടിൽ ഓൺലൈനിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തു കാരി എച്ച്മുക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ സമൂഹം ഇന്ന് ശാരീരീക പീഡനം മാത്രമല്ല മാനസികവും ആത്മീയവും ഭാഷാ പരവുമായ പീഡനങ്ങളും അവഗണനയും അനുഭവിക്കുന്നുണ്ട്. എല്ലാ മേഖലയിലും സ്ത്രീത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ഇതിൽ നിന്നുള്ള മോചനത്തിനായി ഐക്യരൂപ്യമായ സാമൂഹിക ശ്രമങ്ങൾ ഉണ്ടാകണമെന്നും അവർ ഓർമിപ്പിച്ചു.
സ്ത്രീയെ ബഹുമാനിക്കാനും സുരക്ഷ ഉറപ്പാക്കാനും കുടുംബത്തിലും സമൂഹത്തിലും അർഹമായ അവകാശങ്ങൾ മാനിക്കാനും തയാറാകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീയെ ബഹുമാനിക്കുന്ന സമൂഹം സാധ്യമാക്തകുന്നതിന് തലമുറകളെ ബോധവത്ക്കരിച്ചെടുക്കേണ്ടത് ഏവരുടെയും കടമയാണെന്ന് ചെയ്യപ്പെടലുകളിൽ നിന്നും മുക്തരാവുകയുള്ളൂവെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഫ്രെറ്റേണിറ്റി മൂവ്മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ വിശിഷ്ടാതിഥിയായിരുന്ന സമ്മേളനത്തിൽ ഫ്രറ്റേണിറ്റി സെക്രട്ടേറിയറ്റ് അംഗം ഫസ്ന മിയാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ ആശംസകളർപ്പിച്ച് സംസാരിച്ചു. വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ സാജിദ സലീം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ നന്ദിയും പറഞ്ഞു. ഷൈമില നൗഫൽ ആലപിച്ച പ്രാർഥനാഗീതത്തോടെ ആരംഭിച്ച സമ്മേളനം നദീറ ഷാജി നിയന്ത്രിച്ചു. ഉമ്മു സൽമ ഗാനം ആലപിച്ചു. ബുഷ്റ റഹീം, നജ്മ സാദിഖ്, സഈദ റഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
