മനാമ: പ്രതിസന്ധി ഘട്ടങ്ങളിൽ സത്യത്തിന്റെ മാർഗത്തിൽ നിലയുറപ്പിച്ച വ്യക്തിത്വമായിരുന്നു പ്രവാചകൻ ഇബ്രാഹീം എന്നും തന്റെ ദൗത്യ നിർവഹണത്തിൽ ജാഗ്രതയോടെ നിലകൊള്ളുകയും ദൈവത്തിന് സമ്പൂർണമായി സമർപ്പിക്കുകയും ചെയ്ത ജനങ്ങളുടെ നേതാവായിരുന്നു അദ്ദേഹമെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. ത്യാഗമാണ് അദ്ദേഹത്തിന്റെ പാതയും മാതൃകയെന്നും ഏതൊരു പ്രത്യയ ശാസ്ത്രത്തിന്റെയും ഇഹ പര വിജയത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാണ് സമർപ്പണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ മലയാളി പ്രവാസി സമൂഹത്തിനായി സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി സംഘടിപ്പിച്ച ‘മില്ലത്ത് ഇബ്റാഹീം’ പൊതുസമ്മേളനത്തിൽ ” ഇബ്റാഹീം പ്രവാചകന്റെ പാത ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പാളയം പള്ളി ഇമാമും പണ്ഡിതനുമായ ഡോക്ടർ വി.പി സുഹൈബ് മൗലവി “ഇബ്റാഹീം പ്രവാചകന്റെ കുടുംബം” എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ചു.
ഫ്രന്റ്സ് അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് ഇ.കെ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം. എം സുബൈർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.എം മുഹമ്മദലി നന്ദിയും പറഞ്ഞു. ഫാറൂഖ് മൗലവിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് എ. എം ഷാനവാസ്, മുഹമ്മദ് ഷാജി എന്നിവർ നേതൃത്വം നൽകി.