തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
ബുറേവി ചുഴലിക്കാറ്റും അനുബന്ധിച്ചുണ്ടായേക്കാവുന്ന ന്യൂന്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളിൽ വെള്ളിയാഴ്ച നടത്താനിരുന്ന സ്പോട് അഡ്മിഷൻ ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരളസർവകലാശാല നാളെ (ഡിസംബർ 4) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പിൽ പറയുന്നു. എം.ജി സർവകലാശാലയും ഡിസംബർ 4 ലെ പരീക്ഷകൾ മാറ്റിവച്ചു.