ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ഇതിൽ പതിനെട്ട് പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.45നാണ് വിമാനം പുറപ്പെട്ടത്. 197 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെ പുറപ്പെട്ടിരുന്നു. ഇവരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ ആണ് സ്വീകരിച്ചത്.
സൗജന്യമായാണ് എല്ലാവരെയും നാട്ടിലെത്തിച്ചത്. ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത മറ്റുള്ളവരെ തുടർന്നുള്ള വിമാനങ്ങളിൽ നാട്ടിലെത്തിക്കും. ഇസ്രയേലിൽ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാൻ ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇന്നലെ മുപ്പത്തിമൂന്ന് മലയാളികളെ രാജ്യത്തെത്തിയിരുന്നു.ഇന്നലെ ഡൽഹിയിലെത്തിയ മലയാളികൾ: ശ്രീഹരി എച്ച്, (തിരുവനന്തപുരം പേരൂർക്കട),ജെസീന്ത ആന്റണി (ചിറയിൻകീഴ്), വിജയകുമാർ പി, ഭാര്യ ഉഷാ ദേവി, മകൾ അനഘ യു.വി (ശാസ്തമംഗലം), ദ്വിതി പിള്ള (ആറ്റുകാൽ) ആനി ക്ലീറ്റസ് (കൊല്ലം,മങ്ങാട് ), അലൻ സാം തോമസ് (പാമ്പാടി) , ജോബി തോമസ്(പാലാ), നദാനീയേൽ റോയ് (ചിങ്ങവനം) , ജോഷ്മി ജോർജ് (മുവാറ്റുപുഴ), അനീന ലാൽ (ആലപ്പുഴ) , സോണി വർഗീസ് (തിരുവല്ല), അർജുൻ പ്രകാശ് (കലവൂർ), അരൂൺ രാമചന്ദ്ര കുറുപ്പ്, ഭാര്യ ഗീതു കൃഷ്ണൻ, മകൾ ഗൗരി (ഹരിപ്പാട്) , ജെയ്സൺ ടൈറ്റസ് ( ആലപ്പുഴ), കാവ്യ വിദ്യാധരൻ (അടിമാലി) , അലൻ ബാബു (കട്ടപ്പന), ഷൈനി മൈക്കിൾ (ഇടുക്കി തങ്കമണി ), നീലിമ ചാക്കോ(അടിമാലി) , ബിനു ജോസ് (നെടുമ്പാശേരി), മേരി ഡിസൂസ(കളമശേരി), നവനീത എം.ആർ (തൃപ്പൂണിത്തുറ), അമ്പിളി ആർ. വി (ചെറുപ്പുളശ്ശേരി), ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി (പരപ്പനങ്ങാടി), അശ്വവിൻ കെ.വിജയ്, ഭാര്യ ഗിഫ്റ്റി സാറാ റോളി (കക്കോടി), നിവേദിത ലളിത രവീന്ദ്രൻ (ചിറയ്ക്കൽ) , അനിത ആശ ( ബദിയടുക്ക), വിൻസന്റ്(വയനാട്), ജോസ്ന ജോസ് (സുൽത്താൻ ബത്തേരി ). 20 ഓളം പേർ വിദ്യാർത്ഥികളാണ്.