കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 3.15 പുറപ്പെടേണ്ട വിമാനം നേരത്തെ പുറപ്പെട്ടതിനെ തുടർന്ന് 14 പേരുടെ യാത്ര മുടങ്ങി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്കു പുറപ്പെടാനായി ഓൺലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിൽ ചിലർക്കാണ് യാത്ര തടസ്സപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12.45ന് എത്തി 1.45ന് ദുബായിലേക്കു പോകുന്ന രീതിയിൽ സമയം പുനഃക്രമീകരിച്ചിരുന്നെന്നും ഇക്കാര്യം യാത്രക്കാരെ അറിയിച്ചിരുന്നെന്നും വിമാനക്കമ്പനി അധികൃതർ പറഞ്ഞു. അതേസമയം ടിക്കറ്റിൽ 3.15 എന്നാണ് സമയം രേഖപ്പെടുത്തിയിരുന്നതെന്നും സമയമാറ്റം അറിയിച്ചിട്ടില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.
ദുബായിൽ എത്തിയശേഷം അബുദാബിയിലേക്കും മറ്റും പോകാനുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂട്ടത്തിലുണ്ടായിരുന്നു. യാത്ര മുടങ്ങിയവരെ രാത്രി ഫ്ലൈ ദുബായ് വിമാനത്തിൽ കൊണ്ടുപോകുമെന്ന് ഫ്ലൈ ദുബായ് കേരള മാനേജർ അറിയിച്ചു.