തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇനി സഞ്ചരിക്കുക കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയില്‍. വെള്ള നിറത്തിലുള്ള ക്രിസ്റ്റയാണ് മുഖ്യമന്ത്രി നിലവില്‍ ഉപയോഗിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നിറം മാറ്റാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്കായി പുതുതായി വാങ്ങിയ വാഹനത്തിന്റെ നിറമാണ് മാറ്റുക . ആകെ നാലു വാഹനങ്ങളാണ് മുഖ്യമന്ത്രിക്കും അകമ്പടിക്കുമായി വാങ്ങുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും. ഇതില്‍ ആദ്യ വാഹനം ഈയാഴ്ച കൈമാറും. ശേഷിക്കുന്നവ പിന്നീടു കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉപയോഗിക്കുന്ന വാഹനങ്ങള്‍ 4 വര്‍ഷം പഴക്കം ഉള്ളതിനാല്‍ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ശുപാര്‍ശ. ഇതിനായി മാസങ്ങള്‍ക്കു മുന്‍പ് 63 ലക്ഷം രൂപ അനുവദിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ മൂലമാണോ നിറംമാറ്റമെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി
നരേന്ദ്രമോദി ഉപയോഗിക്കുന്ന വാഹനവും കറുത്ത നിറത്തിലുള്ളതാണ്.
