തിരുവനന്തപുരം: കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി 2022 ഏപ്രില്‍ 1 ന് ആരംഭിക്കുമെന്നും ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി വേളയിൽ വര്‍ദ്ധിച്ച ജനകീയ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത വികസന ആസൂത്രണ നിര്‍വ്വഹണ പ്രക്രിയകള്‍ ശാക്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവിധ വികസന മേഖലയിലെ ഇപ്പോഴത്തെ അവസ്ഥയും ആവശ്യങ്ങളും ഇതിനായി വിലയിരുത്തേണ്ടതുണ്ട്. തുടർന്നാണ് പുതിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടത്. 1996 ല്‍ ജനകീയാസൂത്രണം ആരംഭിച്ചതു മുതല്‍ ഓരോ തദ്ദേശഭരണസ്ഥാപനവും കടന്നുപോയ വികസന വഴികള്‍ വിശദമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കണം. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വികസന ക്ഷേമ പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പ്രക്രിയ ശാസ്ത്രീയമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാനായി സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി 2021 നവംബര്‍ അവസാനം തദ്ദേശഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ജനകീയാസൂത്രണത്തിനായി തദ്ദേശ ഭരണസ്ഥാപന തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജനാധിപത്യ വേദികള്‍ എല്ലാം തന്നെ പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം ഒന്നുകൂടി ഊര്‍ജ്ജസ്വലമാക്കണം. ഇപ്പോഴുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ആസൂത്രണ സമിതികള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പുനസംഘടിപ്പിച്ചിട്ടുണ്ട്. ഈ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇതോടൊപ്പം ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദഗ്ദ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരുടേയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍, ന്യൂനതകള്‍ എന്നിവ വിലയിരുത്തി ക്രോഡീകരിക്കുന്നത് ഒരു അക്കാദമിക് പ്രവര്‍ത്തനമായി മാത്രം ചുരുങ്ങാതെ ജനകീയ പ്രവര്‍ത്തനമായി വികസിപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വികസന – സേവന – പശ്ചാത്തല മേഖലകളില്‍ പിന്തുടരേണ്ട വികസന കാഴ്ചപ്പാട് രൂപവല്‍ക്കരിക്കണം. ഓരോ മേഖലയിലും വികസന കാഴ്ചപ്പാടും അതു നേടിയെടുക്കുന്നതിനുള്ള വികസന തന്ത്രവും രൂപപ്പെടുത്തേണ്ടതുണ്ട്. ഈ നടപടികളൊക്കെ തികഞ്ഞ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനതലത്തില്‍ വികസന മേഖലയിലെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുന്നതിനും വികസനരേഖ തയ്യാറാക്കുന്നതിനുമുള്ള പരിശീലനം ജനപ്രതിനിധികള്‍ക്കും തദ്ദേശഭരണ നേതൃത്വത്തിനും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും നല്കിക്കൊണ്ടിരിക്കുകയാണ്. തദ്ദേശഭരണ വികസനമേഖകളിലെ സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിക്കുന്നതിന് ഉപയോഗിക്കാവുന്ന നിരവധി വിവരശേഖരങ്ങള്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ആദ്യത്തെ ഈ ഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദഗ്ദ്ധരും ആത്മാര്‍ത്ഥമായി പങ്കെടുക്കണം. വരാന്‍ പോകുന്ന വാര്‍ഷിക പദ്ധതികള്‍ക്ക് അടിസ്ഥാനമായി മാറാന്‍ പോകുന്നത് ഇപ്പോള്‍ നമ്മള് ശേഖരിക്കുന്ന സ്ഥിതി വിവരകണക്കുകളും അതിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന വികസനരേഖയുമാണ് മന്ത്രി പറഞ്ഞു.
കോവിഡാനന്തര കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ഭാവനാപൂര്‍ണ്ണമായ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനാണ് തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രാമുഖ്യം കൊടുക്കേണ്ടത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ മേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സവിശേഷ ശ്രദ്ധ നല്‍കേണ്ടതാണ്. കേരളത്തിന്റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വികസന പരിപാടികള്‍ക്ക് പിന്‍ബലം നല്കുന്ന വിധത്തിലാണ് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രാദേശികാസൂത്രണ പ്രക്രിയ നിര്‍വഹിക്കേണ്ടത്. കമ്പോളാധിഷ്ഠിത വികസന മാതൃകകള്‍ക്ക് ബദല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഉല്‍പ്പാദനോന്മുഖമായ പദ്ധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങളും ആഗോള തലത്തില്‍ അഭിനന്ദിക്കപ്പെടുന്ന വികസന സൂചികകളും തെളിയിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം ഫലപ്രദമാണെന്നാണ്. പതിനാലാം പഞ്ചവത്സര പദ്ധതിയുമായി കേരളം മുന്നോട്ടു പോകുന്നതിന്റെ കാരണവും അതു തന്നെയാണ്. ഇതു തുടരുക തന്നെ ചെയ്യണം. അതിനായി മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളും വരാന്‍ പോകുന്ന അഞ്ചുവര്‍ഷത്തെ വികസനത്തിന്റെ അടിത്തറ ഒരുക്കുന്നതിന് സക്രിയമായ നേതൃത്വം നല്‍കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
