മനാമ: ഈ വർഷത്തെ കാറോട്ട സീസണിന് തുടക്കം കുറിച്ചുകൊണ്ട് ബഹ്റൈൻ ഗ്രാൻഡ് പ്രിക്ക് തുടക്കമായി. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഗ്രാൻഡ് പ്രീയിൽ 33 രാജ്യങ്ങളിലെ കാറോട്ടക്കാർ മാറ്റുരക്കും. പുതിയ സീസണിന്റെ തുടക്കമായതിനാൽ പുതിയ താരങ്ങളുടെയും കാറുകളുടെയും ടീമുകളുടെയും അരങ്ങേറ്റ വേദികൂടിയായിരിക്കും ബഹ്റൈൻ ഗ്രാൻഡ് പ്രി. വിവിധ ഗ്രാൻഡ്സ്റ്റാൻഡുകളിലായി 36,000 പേർക്ക് മത്സരം വീക്ഷിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
സർക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വൺ വില്ലേജിൽ കാണികൾക്കായി വിനോദപരിപാടികൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. പ്രശസ്തരായ നൃത്ത-സംഗീതകാരന്മാരുടെ പരിപാടികളും അരങ്ങേറും. ടിക്കറ്റു വിൽപ്പനയിൽ സർവകാല റെക്കോർഡിട്ടാണ് ബഹ്റൈൻ ഫോർമുലാ വൺ ഗ്രാൻപ്രീയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ 5 വരെ അരങ്ങേറുന്ന ഫോർമുലാ വൺ കാറോട്ട മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സെലിബ്രിറ്റികൾ പങ്കെടുക്കും. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായികമേളയിൽ ലോകമെമ്പാടുമുള്ള സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മത്സര ദിനങ്ങളിൽ 98,000 പേരാണ് കാഴ്ചക്കാരായി എത്തിയത്. സുരക്ഷയുടെ ഭാഗമായി സർക്യൂട്ടിലേക്കുള്ള റോഡുകളിൽ നിയമപാലകരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലെ പരിശീലന, യോഗ്യത മത്സരങ്ങൾക്കു ശേഷം ഞായറാഴ്ചയായിരിക്കും യഥാർഥ പോരാട്ടം അരങ്ങേറുക. ആകെ 23 റൈസുകളാണ് നടക്കുന്നത്. ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒക്കോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി തുടങ്ങി വമ്പൻ താരനിരയാണ് ട്രാക്കിലിറങ്ങുന്നത്.