മനാമ: ബഹ്റൈൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് വിവിധ ഗെയിമുകളും വിനോദ പരിപാടികളുമാണ് ഒരുക്കിയിരുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി.
കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോയന്റ് നേടിയാണ് വെസ്റ്റപ്പൻ കിരീടം ചൂടിയത്. ഫൈനലിൽ ഒരു ഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടി വരാത്ത ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. 18 പോയന്റുമായി റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും 15 പോയന്റുമായി ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഫെറാരിയുടെ ചാൾസ് ലെക്ലർക്ക് നാലാമതും മെർസീഡെസിന്റെ ജോർജ്ജ് റസ്സൽ അഞ്ചാമതും ഫിനിഷ് ചെയ്തു. ഏഴ് തവണ ലോക ചാമ്പ്യനായ മെർസീഡെസിന്റെ ലൂയിസ് ഹാമിൽട്ടന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉൾപ്പെടെ പ്രമുഖർ മത്സരം വീക്ഷിക്കാനെത്തി. തുടർച്ചയായ നാലാം വർഷമാണ് ബഹ്റൈൻ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. ഇതാദ്യമായി കഴിഞ്ഞ വർഷം മത്സരിച്ച 20 ഡ്രൈവർമാരും അതേ ടീമിന് വേണ്ടി മത്സരിച്ചു. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന്റെ ഇരുപതാം വാർഷികം കൂടിയാണ് F 1 -ൽ ആഘോഷിച്ചത്. ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിലാണ് മത്സരങ്ങൾ നടന്നത്. സഖീറിലേക്കുള്ള പാതയോരങ്ങളിൽ 500 ലധികം വൃക്ഷങ്ങളിൽ വൈദ്യുതി ദീപങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്നുവന്ന കാറോട്ട മത്സരം ഇത്തവണ വർധിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്പോർട്സ് താരങ്ങളും ബിസിനസ് പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കാറോട്ട പ്രേമികളും മത്സരം വീക്ഷിക്കാനായി സർക്യൂട്ടിൽ എത്തിച്ചേർന്നു. രാജ്യത്തെ ഹോട്ടൽ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ ഫോർമുലവൺ ഗ്രാൻഡ് പ്രീ യിലൂടെ സാധിച്ചിട്ടുണ്ട്.