മനാമ: ഫോർമുല വൺ മത്സരങ്ങൾക്കുള്ള കരാർ 10 വർഷത്തേക്കു കൂടി പുതുക്കി. ഇതോടെ 2036 വരെ ഇന്റർനാഷനൽ സർക്യൂട്ടിൽ ഫോർമുല വൺ മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പായി. 2004ലാണ് രാജ്യത്ത് ആദ്യമായി ഫോർമുല വൺ മത്സരങ്ങൾക്ക് തുടക്കമായത്. ബഹ്റൈൻ ഗ്രാന്റ് പ്രീ മത്സരങ്ങൾ കോവിഡിന് മുമ്പ് വരെ വളരെ വിജയകരമായി നടന്നിരുന്നു. കോവിഡ് സമയത്തും പരിമിതമായ രൂപത്തിൽ രണ്ട് മത്സരങ്ങൾ നടത്തി. കാറോട്ട മത്സര രംഗത്ത് മേഖലയിൽ തന്നെ ശ്രദ്ധേയമായ രാജ്യമായി ബഹ്റൈന് മാറാൻ സാധിച്ചിട്ടുണ്ട്.
ഇന്റർനാഷനൽ സർക്യൂട്ടിൽ സൗരോർജ പദ്ധതിക്ക് തുടക്കമിടാൻ സാധിച്ചതും നേട്ടമാണ്. ഇവിടേക്കാവശ്യമായ വൈദ്യുതി സൗരോർജ പാനലിൽനിന്നും ലഭ്യമാക്കും. ഈ വർഷത്തെ മത്സരങ്ങൾക്കുള്ള വൈദ്യുതി ആദ്യമായി സൗരോർജ പദ്ധതിയിൽ നിന്നാണ് ഉപയോഗിക്കുക. കാർബൺ ബഹിർഗമനം കുറക്കുന്നതിന് ബഹ്റൈൻ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗം കൂടിയാണ് പുനരുപയോഗ ഊർജ ഉപയോഗം. 2036 വരെ ഫോർമുല മത്സരങ്ങൾ നടത്താനുള്ള കരാർ പുതുക്കുന്നതിൽ സന്തോഷമുള്ളതായി ഫോർമുല വൺ സി.ഇ.ഒ സ്റ്റീഫനോ ഡൊമിനിക്കാലി പറഞ്ഞു.