മുംബൈ: ടാറ്റാ സൺസ് മുൻ ഡയറക്ടർ ആർ കെ കൃഷ്ണകുമാർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. 1965 ൽ ടാറ്റാ ഗ്രൂപ്പിൽ ചേർന്നതു മുതൽ കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കൃഷ്ണകുമാർ.
സാമൂഹിക സേവനങ്ങൾ നടത്തുന്ന ടാറ്റാ ഗ്രൂപ്പിന്റെ രണ്ട് ട്രസ്റ്റുകളിൽ അംഗമാണ് അദ്ദേഹം. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മാനുഷിക മൂല്യങ്ങൾ സംരക്ഷിച്ച മഹാനായ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായതെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ടാറ്റ ഗ്രൂപ്പുമായും കേരളവുമായും ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.